*കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ലളിതമാക്കി----
തിരുവനന്തപുരം:അധ്യാപകരുടെ നിയമനാംഗീകാരം, റഗുലറൈസേഷൻ, പ്രൊബേഷൻ, പ്രൊമോഷൻ എന്നിവയ്ക്കായി കെ-ടെറ്റ് (K-TET) സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നതിലെ കാലതാമസം ഒഴിവാക്കാൻ പുതിയ നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവൻ.
2026 ഓഗസ്റ്റ് 8, 9 തീയതികളിൽ നടത്തിയ സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷയുടെ ഫലം സെപ്റ്റംബർ 19-നാണ് പ്രസിദ്ധീകരിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ തലത്തിലും പരീക്ഷാ ഭവൻ തലത്തിലുമുള്ള പ്രമാണ പരിശോധനകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിന് കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ, സർട്ടിഫിക്കറ്റുകൾ വൈകുന്നതുമൂലം അധ്യാപകർക്ക് ആനുകൂല്യങ്ങൾ തടസ്സപ്പെടാതിരിക്കാൻ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് (kbpe.kerala.gov.in) വഴിയോ ktet.helpdesk@gmail.com എന്ന ഇമെയിൽ വഴിയോ കെ-ടെറ്റ് ഫലം നേരിട്ട് പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു.
ഇതുസംബന്ധിച്ച സർക്കുലർ (നമ്പർ: സിജിഎൽ2/03/2026/സി.ജി) 2026 സെപ്റ്റംബർ 26-നാണ് പരീക്ഷാ ഭവൻ ജോയിന്റ് കമ്മീഷണർ പുറപ്പെടുവിച്ചത്.